Saturday, June 2, 2007

“തട്ടെക്കേറുമ്പോള്‍ എല്ലാം ശരിയാകും“

ഏകാങ്ക നാടകം


ഏകാങ്ക നാടകം എന്നാല്‍ ഏകാംഗ നാടകം എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നു വച്ചാല്‍ ഏക അംഗം അതായത് ഒരു അംഗം മാത്രം നടിക്കുന്ന നാടകം എന്ന്. കുറെ നാടകങ്ങള്‍ കണ്ടുകഴിഞ്ഞപ്പോഴാണ് 6-7 പേര്‍ക്ക് കയറി അഭിനയിക്കാവുന്നതാണ് എന്നു മനസ്സിലായത്. ഏങ്കിലും ഒരു അംഗം മാത്രം അഭിനയിച്ച ഒരു നാടകം നമ്മുടെ അസ്മാബി കോളേജിന്റെ ചരിത്രത്തിലുണ്ട്ട്ടോ. ഈ സാഹസം കാണിച്ചത് എന്റെ കസിനും മതിലകം സ്വദേശിയുമായ ഒഫൂര്‍ പി. കെ. ഒരു ചാക്കിനുള്ളില്‍ കയറിയിരുന്ന് ആരെക്കൊണ്ടോ ഒരു വടികൊണ്ട് കുത്തിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി ചാക്ക് തുറന്നു പുറത്തു വരുന്നു.... അങ്ങിനെ പോകുന്നു അഭിനയം. കണ്ടിരുന്ന ഞങ്ങള്‍ക്കോ മാര്‍ക്കിടാനിരുന്ന ജഡ്ജസ്സിനോ എന്താ സംഭവമെന്നു പിടികിട്ടിയില്ല. എല്ലാവരും കണ്ടിരുന്നു. കയറി അഭിനയിക്കാന്‍ പറ്റില്ലല്ലോ.


എന്നാല്‍ എന്റെ വിഷയം ഇതല്ല. ഞാന്‍ അഭിനയിച്ച ഒരു നാടകത്തെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. സ്കൂളില്‍ വച്ച് സജീവന്‍ എന്ന ഒരു സുഹുര്‍ത്ത് അവന്‍ അഭിനയിക്കുന്ന നാടകത്തില്‍ ചാന്‍സ് തരാമെന്നു പറഞ്ഞിരുന്നെങ്കിലും കിട്ടിയില്ല. അസ്മാബി കോളേജില്‍ വന്നപ്പോള്‍ അഭിനയിക്കണമെന്ന് ആശ തോന്നിയെങ്കിലും ഒറ്റക്ക് പറ്റില്ലല്ലോ. ഒരു ടീം വേണ്ടെ? അങ്ങിനെയിരിക്കുമ്പോഴാണ് നമ്മുടെ സാദിഖ് ബായ് ഒരു നാടക സംരംഭവുമായി വരുന്നത്. പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. സമ്മതിച്ചു. സ്ക്രിപ്റ്റിനായി കുറെ തിരഞ്ഞു. അവസാനം ഒന്ന് കണ്ടെത്തി. ആരോ ഒരാള്‍ പണ്ടെഴുതിയ “നെല്ല്” എന്ന നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി. ഒരു ജന്മി(അധികാരി)യും അയാള്‍ക്കെതിരെ പടവാളെടുക്കുന്ന സമൂഹത്തിലെ വിവിധ പ്രധിനിധികളും. ഇതാണ് ഇതിവ്രിത്തം. അധികാരിയായി എന്റെ വീടിനടുത്തുള്ള ഫൈസലും, അധികാരിയുടെ കയ്യാളായി സാദിഖും, സമൂഹത്തിന്റെ പ്രധിനിധികളായി : രാഷ്ട്രീയം-ഗഫൂര്‍ (സംശയിക്കണ്ട ഞാന്‍ തന്നെ), ശാസ്ത്രം-സീതി, മതം-1സ്റ്റ് പി.ഡി.സി യിലെ ഒരു സുഹ്രുത്ത്. ഇദ്ദേഹത്തിന്റെ പേര് മറന്നുപോയി. (ക്ഷമിക്കണം സുഹ്രുത്തെ). ചിലപ്പോള്‍ സാദിഖിന് അറിയാമായിരിക്കും. പക്ഷെ ഇദ്ദേഹം ഒരു സിനിമാ നടനാട്ടോ. മമ്മൂട്ടിക്ക്‌ ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മുദ്ര എന്ന ഫിലിമില്‍. ഞാന്‍ ഈ ഫിലിം എത്ര പ്രാവശ്യമാ‍ കണ്ടതെന്നോ. കണക്കില്ല. ലാസ്റ്റ് കണ്ടത് കഴിഞ്ഞ ജനുവരിയിലോ മറ്റോ ഏഷ്യനെറ്റില്‍. അതിനു മുമ്പെല്ലാം ഞാന്‍ കണ്ണ് കൂര്‍പ്പിച്ചിരുന്നു കാണുമായിരുന്നു ഈ സിനിമ. കാരണം ഈ പുള്ളിക്കാരനെ ആ സിനിമയില്‍ ഒരുനോക്കെങ്കിലും കാണണ്ടെ. ഓരോ സീനും ശ്രദ്ധിച്ചു നോക്കി. എന്നിട്ടും എന്റെ സുഹ്രുത്തിനെ മാത്രം കണ്ടെത്തിയില്ല. എന്നാല്‍ ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒരു പാട്ട്സീനില്‍ സുധീഷിന്റെ കൂട്ടുകാരുടെ കൂട്ടത്തില്‍. സമാധാനമായി. പക്ഷെ ഈ പാട്ടു കാണുമ്പോള്‍ തുമ്മരുത്. കാരണം ആ സമയം കൊണ്ട് പുള്ളിക്കാരന്റെ സീന്‍ കടന്നു പോകും.

എന്നെക്കുറിച്ച് അധികം വിസ്തരിക്കുന്നില്ല. സാദിഖിനെക്കുറിച്ച് ഇതിനോടകം നിങ്ങള്‍ക്ക് ഒരുവിധം മനസ്സിലായിക്കാണും. മികച്ച സംഘാടകന്‍. രസികന്‍. എന്തും നേരിടാനുള്ള മനക്കട്ടിയുള്ളവന്‍. കൂട്ടുകാരെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവന്‍. സീതിയെക്കുറിച്ച് നിസാര്‍ എഴുതുന്നുണ്ടെന്നറിഞ്ഞു. സിനിമാ നടന്‍ (പരേതനായ) ബഹദൂറിന്റെ ജ്വേഷ്ടന്റെ മകനാണ് സീതി. എന്റെ ബന്ധുവാണ്. പിന്നെ പ്രധാന അഭിനേതാവായ ഫൈസലിനു സ്കൂളില്‍ ഒക്കെ അഭിനയിച്ചു പ്രാക്റ്റീസുണ്ട്. എന്നു പ്രത്യേകം എഴുതുമ്പോള്‍ ഒരുകാര്യം നിങ്ങള്‍ക്കു മനസ്സിലാകും. ഇദ്ദേഹമൊഴികെ ആര്‍ക്കും അഭിനയസിദ്ധിയില്ലാന്ന്.

അസ്മാബിയിലെ കശുമാവിന്‍ തോട്ടത്തില്‍ ഒരു കോര്‍ണറില്‍ ഉണങ്ങിയ ചവറുകള്‍ വകഞ്ഞു മാറ്റി ഞങ്ങള്‍ റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങി. ക്ലാസ്സ് കട്ട് ചെയ്ദും കട്ടാതെയും റിഹേഴ്സല്‍ പൊടി പൊടിച്ചു. അധികാരി നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. വടക്കന്‍ വീരഗാഥ്യിലെ മമ്മൂട്ടിയൊക്കെ ഏതാണ്ട് ഇതുപോലെയാണ് അഭിനയിച്ചിട്ടുള്ളത്. സ്റ്റേജില്‍ അഭിനയിച്ച് ശീലമില്ലെങ്കിലും കുറച്ചു ദിവസത്തിനുള്ളില്‍ ഞാനും ഡയലോഗെല്ലാം പഠിച്ച് ഒരുവിധം അഭിനയ സാധ്യതകള്‍ പ്രകടമാക്കി. ബാക്കിയുള്ളവര്‍ അത്ര പെര്‍ഫെക്റ്റ് ആകുന്നുണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞു. നാടകദിനം എത്തി. പെര്‍ഫെക്റ്റ് ആകാത്തവരെക്കുറിച്ച് ഏതോ സിനിമയില്‍ കല്പന പറഞ്ഞ ഡയലോഗ് ഓര്‍ത്തു. “തട്ടെക്കേറുമ്പോള്‍ എല്ലാം ശരിയാകും”. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നതിനാല്‍ അധികം മേക്കപ്പും മറ്റു സെറ്റിങ്സ് ഒന്നുമുണ്ടായിരുന്നില്ല. പ്രോംറ്റ് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. പശ്ചാത്തല സംഗീതമുണ്ടായിരുന്നില്ല. ഒരു ചെണ്ട മാത്രം ഉണ്ടായിരുന്നു എന്നാണോര്‍മ്മ. മതത്തിന്റെ മുഖത്ത് പകുതി ഒരു കളറും പകുതി മറ്റൊരു കളറും പെയിന്റ് തേച്ചു. എന്തുകൊണ്ടാണ് അങ്ങിനെ ഒരു മേക്കപ്പ് മതത്തിനു കൊടുത്തതെന്ന് എനിക്ക്‌ ഇന്നും ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. അധികാരിക്ക് ഒരുവിധം നല്ല മേക്കപ്പ്. ഞാന്‍ രാഷ്ട്രീയമാണല്ലോ. അധികം മേക്കപ്പ് വേണ്ട. ഒരു ഖദര്‍ മുണ്ടും, ഖദര്‍ ഷര്‍ട്ടും, ഖദര്‍ ഷാളും വേഷം. കയ്യില്‍ ഒരു ഡയറിയും. ഇങ്ങിനെ പോകുന്നു വേഷവിധാനങ്ങള്‍.

രംഗം‍ 1
അധികാരിയും കയ്യാളും രംഗത്ത്. ചില്ലറ സംഭാഷണങ്ങള്‍. മതം രംഗത്തേക്ക് ചെന്ന് അധികാരിയെ തന്നാലാവുന്ന വിധത്തില്‍ ഉപദേശിക്കുന്നു. രംഗം ഒന്ന് ഒരുവിധം ഭംഗിയായി കഴിഞ്ഞു.

രംഗം 2
രാഷ്ട്രീയം (ഞാന്‍) രംഗത്തെത്തുന്നു. ഡയറി അവിടെയുള്ള ടീ-പോയില്‍ വച്ച് തൂങ്ങിക്കിടക്കുന്ന മൈക്കിന്റെ അടിയിലെത്തി രാഷ്ട്രീയക്കാരന്റെ തനതു ശൈലിയില്‍ അധികാരിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നു. അധികാരി അതുകേട്ട് അസ്വസ്തതയോടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു. എനിക്കു ആവേശം കൂടി. എന്റെ പ്രസംഗം കേട്ട് കൊണ്ടുനില്‍ക്കുന്ന സദസ്സിലേക്ക് ഞാന്‍ അഭിമാനപൂര്‍വ്വം ഒന്നു കണ്ണോടിച്ചു. എല്ലാവരും വളരെ കാര്യമായി എന്റെ പ്രസംഗം ആസ്വദിച്ചുകൊണ്ട് നില്‍ക്കുകയാണ്. അതാ നാലഞ്ച് ബെഞ്ചുകള്‍ക്ക് പിറകിലായി ഒരുകൂട്ടം ആണ്‍കുട്ടികള്‍. എന്റെ ശ്രദ്ധ അങ്ങോട്ടായി. അവിടെയതാ എന്റെ ഒരു കസിന്‍ കമറുദ്ദീന്‍ ബുക്ക് മാറോട് ചേര്‍ത്തുപിടിച്ച് കൈകള്‍ കെട്ടി നിന്നിട്ട് തലയാട്ടിക്കൊണ്ട് ചിരിക്കുന്നു. ഒരുമാതിരി ആക്കിയ ചിരി. അതോടെ എന്റെ ആവേശം എങ്ങോട്ടോ പോയി. 4 പേജുള്ള എസ്സെ കാണാതെ പഠിച്ച് എഴുതിക്കൊണ്ടിരിക്കുന്നതിനിടെ ഒരു സെന്റന്‍സ് മറന്നാല്‍ എന്താകും സ്ഥിതി? അടുത്ത കണക്ഷന്‍ സെന്റന്‍സ് കിട്ടില്ല. അതുപോലെ ഞാന്‍ അടുത്ത ഡയലോഗ് മറന്നു. പ്രസംഗം നിന്നു. അടുത്ത ഡയലോഗോ അതിനടുത്ത ഡയലോഗോ ഒന്നും കിട്ടുന്നില്ല. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. വിറക്കാന്‍ തുടങ്ങി. അധികാരി ഉലാത്തല്‍ തുടരുന്നതിന്നിടയില്‍ എന്റെയടുത്തെത്തുമ്പോള്‍ പല്ലു കടിച്ചു പിടിച്ചു കൊണ്ട് മന്ത്രിച്ചു “ഡയലോഗ് പറയെടാ”. ഡയലോഗ് പോയിട്ട് ഒരു വാക്ക് പറയാന്‍ പോലുമാവാതെ നാവിറങ്ങിനില്‍ക്കുന്ന എന്റെ മുന്നിലൂടെ ഒന്നു രണ്ടു വട്ടം കൂടി ഉലാത്തിയതിനു ശേഷം അധികാരി എന്നോട് വീണ്ടും സ്വകാര്യമായി പറഞ്ഞു “എടാ ഡയലോഗ് പറയാന്‍”. യെവിടെ? ആരോട്? വിറച്ചുനില്‍ക്കുന്ന എന്നില്‍നിന്നും ഒന്നും ഉണ്ടാവില്ലെന്നു മനസ്സിലാക്കിയ ആ നല്ല അഭിനേതാവ് തന്റെ രംഗബോധം പുറത്തെടുത്തു. ഉലാത്തി ഉലാത്തി സ്റ്റേജിന്റെ അങ്ങേ അറ്റത്തു ചെന്ന് സുരേഷ് ഗോപി തിരിയുന്ന പോലെ തിരിഞ്ഞു. എന്റെ നേര്‍ക്ക് കൈ നീട്ടി നാടകശൈലിയില്‍ തന്നെ ഉറക്കെ ആക്രോശിച്ചു “നീ എന്തിനിങ്ങോട്ട് വന്നു?” എന്ന്. പടച്ചവനെ!!! ദിവസങ്ങളായി ഉരുവിട്ടു പഠിച്ച നാടകത്തിലെ ഡയലോഗു ഒന്നു പോലും ഓര്‍ക്കാന്‍ സാധിക്കാതെ നില്‍ക്കുന്ന എനിക്ക് അപ്രതീക്ഷിതമായ, നാടകത്തിലില്ലാത്ത ഈ ഡയലോഗിന് എന്തു മറുപടി പറയാനാകും. വിറയല്‍ സാമന്യം ശക്തിയായി. ഞാന്‍ ചിന്തിച്ചു. ഞാന്‍ സത്യത്തില്‍ എന്തിനാണിങ്ങോട്ടു വന്നത്. കാണികളൊക്കെ കൂക്കി വിളിക്കുന്നു. ആകെ വെപ്രാളപ്പെട്ടു നില്‍ക്കുന്ന എന്റെ നേര്‍ക്ക് രംഗബോധം തലക്കു പിടിച്ച അധികാരിയുടെ അടുത്ത ആക്രോശം “ഇറങ്ങിപ്പോകൂ”. എനിക്കു പുറത്തേക്കുപോകാന്‍ വഴിയൊരുകക്കുവാനാണ് നാടകത്തിലില്ലാത്ത ഈ ഡയലോഗ് അദ്ദേഹം പ്രയോഗിച്ചത്. എന്നിട്ടും എനിക്ക് മിന്നിയില്ല. ക്ഷമകെട്ട അധികാരി ടീ-പോയിലിരുന്ന എന്റെ ഡയറി എടുത്ത് സ്റ്റേജിന്റെ പുറകിലെ മൂലയിലേക്ക് വലിച്ചെറിഞ്ഞു! അപ്പൊ എനിക്കു മനസ്സിലായി. ഞാന്‍ പുറത്തേക്കു പോയേ തീരൂ എന്ന്. ഞാന്‍ ഡയറിക്കു പിന്നാലെ ഓടി പുറകിലേക്ക്. അവിടെ കാത്തു നിന്നിരുന്ന ബാക്കി അഭിനേതാക്കളൊക്കെ എന്റെ മെക്കട്ടു കയറിയില്ലെങ്കിലല്ലെ അല്‍ഭുതമുള്ളൂ. റിഹേഴ്സലില്‍ തിളങ്ങിയ ഞാന്‍, തട്ടേക്കേറി തുടക്കത്തില്‍ അടിച്ചു കസറിയ ഞാന്‍ ഒരു എലിയെപ്പോലെ പതുങ്ങി നിന്നു.
അപ്പൊഴേക്കും അടുത്ത രംഗത്തിനായി ശാസ്ത്രം (സീതി) സ്റ്റേജിലേക്ക് പോയി. സീതി തന്റെ ഭാഗം ഒരുവിധം നന്നായി അവതരിപ്പിച്ചു. അപ്പൊഴേക്കും ഞാന്‍ അടുത്ത രംഗത്തിലെ എന്റെ ഡയലോഗ് ഒരാവര്‍ത്തി കൂടി കാണാതെ പഠിച്ചു. അടുത്ത രംഗത്തില്‍ മതവും, രാഷ്ട്രീയവും, ശാസ്ത്രവും ഒന്നിച്ച് വീണ്ടും സ്റ്റേജില്‍ ചെല്ലണം. മാറി മാറി ഡയലോഗ് വിട്ട് അവസാനം മിക്കവാറും എല്ലാ നാടകവും അവസാനിക്കുന്നതുപോലെ സ്റ്റേജിലുള്ള എല്ലാവരും മെല്ലെ സ്റ്റേജിന്റെ മദ്ധ്യഭാഗത്ത് എത്തി സ്റ്റില്‍ ആയി നിക്കണം. ഒരു കൈ മുകളിലേക്കും മറ്റേ കൈ പുറകിലേക്കും പിടിച്ച് എല്ലാവരും ഒരു നില്‍പ്പ്. ഇത് അവസാനത്തെ ഡയലോഗിനു ശേഷമാണ്. സീതിയാണ് അവസാനത്തെ ഡയലോഗ് പറയേണ്ടത്.
അങ്ങിനെ അവസാന രംഗമായി. എല്ലാവരും സ്റ്റേജിലെത്തി. സ്റ്റേജിന്റെ ഓരോ ഭാഗങ്ങളില്‍ നിന്ന് ഓരോരുത്തരും മാറിമാറി തങ്ങളുടെ ഡയലോഗ് തെറ്റാതെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് അത്‌ സംഭവിച്ചത്. സീതി തന്റെ ഡയലോഗ് കുറെ വിഴുങ്ങിക്കളഞ്ഞു. ഒന്നും കിട്ടാതായപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പുള്ളിക്കാരന്‍ പുള്ളിക്കാരന്റെ അവസാനത്തെ ഡയലോഗ് പറഞ്ഞു. നാടകത്തിലെ അവസാനത്തെ ഡയലോഗ്‌. തൊട്ട് മുമ്പത്തെ ഡയലോഗുമായി ഒരു ബന്ധവുമില്ലാത്ത ഡയലോഗ്. എന്നു മാത്രമല്ല പുള്ളിക്കാരന്‍ ഒരു കൈ പൊക്കി മറ്റേ കൈ പിന്നോട്ടാക്കി സ്റ്റില്‍ ആയി നിന്നും കഴിഞ്ഞു. ബാക്കിയുള്ളവര്‍ അന്താളിച്ചുപോയി. കാരണം ആരും സ്റ്റില്ലിനു തയ്യാറെടുത്തിട്ടുണ്ടായിരുന്നില്ല. പലഭാഗത്തായി നിന്നിരുന്ന ഞങ്ങള്‍ അഭിനേതാക്കള്‍ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയി. പിന്നെ ഓരോരുത്തരായി ഓടിക്കൂടി സീതിയോടൊപ്പം സ്റ്റില്ലില്‍ പങ്കെടുത്തു. കുറെ ഡയലോഗുകള്‍ കൂടി ബാക്കിവച്ച് സ്റ്റില്ലായി നില്‍ക്കുമ്പോള്‍ കാണികളുടെ കയ്യടി ഉയര്‍ന്നില്ല പകരം ഉച്ചത്തില്‍ കൂക്കുവിളി ഉയര്‍ന്നു. കര്‍ട്ടന്‍ ഓപ്പറേറ്ററുടെ കനിവിനായി കാത്തുനില്‍ക്കവെ ഞങ്ങള്‍, പ്രത്യേകിച്ചും ഞാന്‍ ശരിക്കും തളര്‍ന്നുപോയിരുന്നു.
- ഗഫൂര്‍

6 comments:

sheebu said...

hai gafoor,
thanake kalakkunnundallooo
chiri adakkan pattunnilla.
thanum sadikkum, seethiyum okke kanmumbil sarikkum vannuuuuuuuuu
try again and again

ശാലിനി said...

ഗഫൂറേ, വായിച്ചു ശരിക്കും ചിരിച്ചു. നന്നായി എഴുതിയിട്ടുണ്ട്.

സാദി said...

എടാ ഗഫൂറേ,
ബ്ലോഗിന്റെ പേരു കലക്കി, ബ്ലോഗ് അതിലേറെ കലക്കി.ശരിക്കും റ്റാലെന്ടെട് ആയിട്ടുള്ള കുറച്ച് പേര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നു ബ്ലൊഗ് വായിച്ഛപ്പോഴാണു എനിക്കു മാനസ്സിലായതു,,,,,ഫൈസലിന്റെ വടക്കന്‍ വീരഗാധ കലക്കി! ശരിക്കും ചിരിക്കാനുള്ള വകയായി. നിണ്ടെ ഓട്ടം ഇപ്പോഴും ഓര്‍ക്കുന്നു,,നീ ഡയലോഗു മറന്നതിണ്ടെ ഗുട്ടന്‍സ് ഇപ്പോഴല്ലെ മനസ്സിലായത്!!
സീതിയുടെ സ്റ്റില്‍ ഇപ്പോഴും മനസ്സിലുന്റു,,ഹ ഹ് ഹ,,,,,എഴുതൂ ഇനിയും ഒരുപാടു!!

വി.കെ. നിസാര്‍ said...

എന്റെ ഗഫൂര്‍ക്കാ ദോസ്ത്,
നീ വളരെ ആക്റ്റീവ് ആയ സമയത്ത് ഞാന്‍ വല്ലാതെ തിരക്കിലായിപ്പോയല്ലോ..
നീ ഉദ്ദേശിച്ച സുഹ്രുത്ത് വസീര്‍ സുല്‍ത്താന്‍ അല്ലെ?
ഇനിയും മലയാളത്തില്‍ തന്നെ എഴുതൂ....
അഭിനന്ദനങങള്‍.....

മുസാഫിര്‍ said...

ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു ഗഫൂര്‍,പ്രത്യേകിച്ചും അവസാന ഭാഗം.

സാദി said...

hey Nizar,
i must appreciate ur memmory power,,i was trying to recall his name from the time i red the blog,,but no avail!! Vazir Sulthan,,, umm u got it!!
BTW, the commet i posted in ur blog spot dint come at site?!! did u delet it or google suck?
expecting ur seethikathakal soon,,,,,cant waittttttttttt!!!!