Sunday, November 15, 2009

ആകാശയാത്ര

2009 ഒക്ടോബര്‍ 30ന് തൃശ്ശൂര്‍ അസ്സോസ്സിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്ക്) ഓണം-ഈദ് ഗാല 2009 എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. ഈ മെഗാ പ്രോഗ്രാമിനോടനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ പ്രസിദ്ധീകരിച്ച എന്റെ “ആകാശയാത്ര” എന്ന കഥ എന്റെ നെറ്റ് സുഹൃത്തുക്കള്‍ക്കായി ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു...

ആകാശയാത്ര
നാളെ സ്നേഹമോള്‍ടെ പപ്പ അവധി കഴിഞ്ഞ് ദുബായിലേക്ക് പോവുകയാണ്. എന്റെ ഭാര്യാസഹോദരന്റെ മകളാണ് സ്നേഹമോള്‍. സ്നേഹമോള്‍ അവള്‍ടെ പപ്പയുടെയും മമ്മിയെയും കൂടെ നാട്ടിലെത്തിയിട്ട് രണ്ട് ആഴ്ചയേ ആയുള്ളൂ. അളിയന് ഓഫീസ്സില്‍ ഒഴിവാക്കാനാകാത്ത ജോലിത്തിരക്കുള്ളതിനാല്‍ രണ്ടാഴ്ചത്തെ അവധിയേ കിട്ടിയുള്ളൂ. മിക്ക പ്രവാസികളെയും പോലെ, ഭാര്യയെയും മകളെയും മറ്റും തനിച്ചാക്കി തിരികെ ഗള്‍ഫിലേക്ക് പോകുന്ന അളിയനും നല്ല വിഷമമുണ്ടാകും. എങ്കിലും വിഷമം താരതമ്യേന കുറച്ച് കുറവുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഇത്രനാള്‍ അവര്‍ ഗള്‍ഫില്‍ ഒപ്പം തന്നെയുണ്ടായിരുന്നതാണല്ലോ. ഞാനാണെങ്കില്‍ ഭാര്യയെയും നിച്ചുമോളെയും നീദുമോനെയുമെല്ലാം തനിച്ചാക്കി കുവൈറ്റിലേക്ക് പോന്നിട്ട് 2 ആഴ്ചയേ ആയുള്ളൂ. സ്നേഹമോളും മറ്റും നാട്ടിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ഞാന്‍ പോന്നത്. പോരുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി മാനേജറെ വിളിച്ച് ചോദിച്ചിരുന്നു എന്റെ അവധി മൂന്നു ദിവസം കൂടി നീട്ടിത്തരുമോ എന്ന്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അധികം നിര്‍ബന്ധിക്കുവാന്‍ നിന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു ശ്രമിക്കാതിരിക്കുന്നതാ നല്ലതെന്ന് ഞാന്‍ കരുതി. എല്ലായിടത്തും സാമ്പത്തിക മാന്ദ്യമല്ലെ? അതിന്റെ കൂടെ എന്റെ സാമ്പത്തികം കൂടി ഞാനായിട്ട് മന്ദീഭവിപ്പിക്കണ്ട എന്ന് കരുതി. നാലഞ്ച് മാസം മുമ്പ് ദൈവാനുഗ്രഹത്താല്‍ ദുബായില്‍ പോകാനും സ്നേഹമോളെയും അളിയനെയുമെല്ലാം കാണുവാനും സാധിച്ചതിനാല്‍ അവര്‍ നാട്ടില്‍ വന്നപ്പോള്‍ കാണാന്‍ കഴിയാതിരുന്നതില്‍ അത്ര അധികം വിഷമം തോന്നുന്നില്ല.

പതിവുപോലെ അന്നും രാത്രിയില്‍ വീട്ടിലേക്കു ഫോണ്‍ ചെയ്തു. സംസാരത്തിനിടെ ഭാര്യ ചോദിച്ചു.

“നാളെ വീട്ടില്‍ പൊയ്ക്കോട്ടെ?”.

അളിയനെ യാത്രയയക്കാനാണെന്നു മനസ്സിലായി. കുട്ടികള്‍ക്ക് സ്കൂളുള്ളതല്ലെ, മാത്രമല്ല ഉച്ചക്കു മുമ്പ് പോകേണ്ടതല്ലെ അതിനാല്‍ അവരെ കൊണ്ടുപോകുന്നില്ല, തനിച്ചാണ് പോകുന്നതെന്ന് പറഞ്ഞു. അവരുടെ ക്ലാസ്സ് കഴിയുന്നത് വൈകീട്ട് മൂന്നരക്കാണ്. ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“നീ പൊയ്ക്കോളൂ. എനിക്ക് സെക്കന്റ് ഷിഫ്റ്റ് ഡ്യൂട്ടി തടങ്ങുക വൈകീട്ട് നാലു മണിക്കല്ലെ? അതിനു മുമ്പായി ഞാനവരെ സ്കൂളില്‍ നിന്നും വിളിച്ച് അവിടെ കൊണ്ടുവന്നാക്കിയിട്ട് തിരികെ പോന്നോളാം”.

ഞാന്‍ ഇവിടെ മൂവായിരത്തി അഞ്ഞൂറോളം കിലോമീറ്റര്‍ അകലെ കുവൈറ്റിലും അവര്‍ അങ്ങ് നാട്ടിലുമാണെന്നും അറിയാതെയല്ല ഞാന്‍ അങ്ങിനെ പറഞ്ഞത്. വെറുതെ തമാശയായിട്ട് പറഞ്ഞതാ. തമാശയ്ക് വേണ്ടി പറഞ്ഞതാണെങ്കിലും അത് നടപ്പായെങ്കില്‍ എന്ന് വെറുതെ മോഹിച്ചുപോയി. വെറും ദിവാ സ്വപ്നം മാത്രം. എന്നാലും അങ്ങിനെ മോഹിക്കുവാന്‍ ഒരു സുഖമുണ്ട്. ഇവിടെ എന്നും രാവിലെ അലാറം വച്ചെഴുന്നേറ്റ്, എത്രയും വേഗം തയ്യാറായി ജോലിക്കു പോകുന്നു. ജോലി കഴിഞ്ഞ് നേരെ മുറിയിലെത്തുന്നു. പിറ്റേന്ന് വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കുന്നു. അതിനിടക്ക്, നാട്ടില്‍ ഫാമിലി ഉണ്ടായിട്ടും ഇവിടെ ബാച്ചിലര്‍ എന്ന പേരില്‍ കഴിയാന്‍ വിധിക്കപ്പെട്ട എന്നെ പോലുള്ളവര്‍ക്ക് ദിവാ സ്വപ്നം കാണുക മാത്രമേ രക്ഷയുള്ളൂ.

ഭക്ഷണം കഴിഞ്ഞ് ഉറങ്ങുവാന്‍ കിടന്നു. എന്നത്തെയും പോലെ നാട്ടിലെ ഓരോ കാര്യങ്ങള്‍ ചിന്തിച്ചു കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. പിന്നീടെപ്പോഴോ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. നോക്കുമ്പോള്‍ മുറിയിലുള്ളവരെല്ലാം ചാടിയെഴുന്നേറ്റിട്ടുണ്ട്. പക്ഷെ ആര്‍ക്കും താഴെ നിലയുറക്കുന്നില്ല. മുറി ഒട്ടാകെ ആടി ഉലയുന്നുണ്ട്. ഞാന്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു. പക്ഷെ അങ്ങോട്ടു തന്നെ വീണുപോയി. ആരോ വിളിച്ചുപറഞ്ഞു.

“ഭൂകമ്പമാണെന്ന് തോന്നുന്നു”.

കെട്ടിടമാകെ കുലുങ്ങുന്നുണ്ട്. എല്ലാവരും ഭയവിഹ്വലരായി ചുമരിലും മറ്റും രണ്ടു കൈകള്‍കൊണ്ടും മുറുകെപ്പിടിച്ച് നില്‍ക്കുകയാണ്. താഴെ വീണവര്‍ വീണ്ടും എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നു. പക്ഷെ ആര്‍ക്കും ഒന്നിനും കഴിയുന്നില്ല. എല്ലാവരും ഒച്ചവെക്കുവാനും ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. എല്ലാം തകരുകയാണോ എന്ന് ചിന്തിച്ചുകൊണ്ട് ഞാനും കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് എല്ലാം നിലച്ചു. കുറച്ചുനേരം എല്ലാം നിശ്ചലം. എല്ലാവരും പരസ്പരം നോക്കി. ആര്‍ക്കും പറയത്തക്ക പരിക്കൊന്നും പറ്റിയിട്ടില്ല. എല്ലാവരും ദൈവത്തെ സ്തുതിച്ചു. എന്താ സംഭവിച്ചതെന്നറിയാന്‍ പുറത്തേക്കു നോക്കി. കെട്ടിടങ്ങളൊന്നും വീണു കാണുന്നില്ല. അപ്പോ ഭൂകമ്പമല്ല. കുറച്ചകലെ ശാന്തമായ കടല്‍. അപ്പോ സുനാമിയുമല്ല. മുറിയിലുണ്ടായിരുന്നവര്‍ ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളം എടുത്ത് കുടിക്കുന്നുണ്ട്. ഞാനും എഴുന്നേറ്റ് ചെന്ന് കുറെ വെള്ളം കുടിച്ചു. എന്താ സംഭവിച്ചതെന്നറിയാതെ എല്ലാവരും പകച്ചു നില്‍ക്കുമ്പോള്‍ പുറത്തുനിന്നും ഒരു അശരീരി പോലെ എന്തോ ഉച്ചത്തില്‍ കേള്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. പക്ഷെ അറബിയിലാണ്. എനിക്കൊന്നും മനസ്സിലായില്ല. മുറിയിലുള്ള മിക്കവരും ഒന്നും മനസ്സിലാകാതെ വിളറി പൂണ്ട് ഉച്ചത്തില്‍ നിലവിളിക്കുവാന്‍ തുടങ്ങി. ഭാഗ്യം, അറബി അത്യാവശ്യം നന്നായി കൈകാര്യം ചെയ്യുവാനറിയാവുന്ന നസീര്‍ക്ക ചുണ്ടില്‍ വിരല്‍ വച്ച് ആംഗ്യം കാണിച്ചു. എല്ലാവരും നിശ്ശബ്ദരായി നിന്നു. അശരീരി ശബ്ദം നിലച്ചപ്പോള്‍ നസീര്‍ക്ക അതിന്റെ പൊരുള്‍ വിശദീകരിച്ചു. അത് ദൈവത്തിങ്കല്‍ നിന്നുള്ള അശരീരിയാണ്.

ദൈവം പറയുന്നു- “നിങ്ങളെല്ലാം ഉറക്കത്തില്‍ നിന്നുമുണരാന്‍ വേണ്ടിയാണ് നാം കെട്ടിടങ്ങള്‍ കുലുക്കിയത്. നിമിഷങ്ങള്‍ക്കകം നിങ്ങളെല്ലാം ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെടും. ഒരു ആകാശയാത്ര ആരഭിക്കുകയാണ്. എല്ലാവരും കണ്ണുകളടച്ച് തറയില്‍ കമിഴ്ന്ന് കിടക്കുവിന്‍!!!”

ദൈവ കല്പന അനുസരിച്ചുകൊണ്ട് എല്ലാവരും കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് കമിഴ്ന്നു കിടന്നു. നമ്മുടെ ജീവിതമിതാ ഇവിടെ അവസാനിച്ചിരിക്കുന്നു. നമ്മളിതാ ദൈവത്തിന്റെ അടുത്തേക്ക് പുറപ്പെടുന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ ബാക്കി വച്ചുകൊണ്ട്, മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും മറ്റും ഒരുനോക്കു കൂടി കാണാനാവാതെ, ഇക്കാലമത്രയും കഷ്ടപ്പെട്ട് സമ്പാദിച്ച എല്ലാം ഉപേക്ഷിച്ച്, നമ്മളിതാ യാത്രയാകുന്നു. ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്ന ആ സന്ദര്‍ഭം എത്തിയിരിക്കുന്നു. പക്ഷെ ദൈവം നമ്മോട് കരുണ കാണിച്ചിരിക്കുന്നു. ആ യാത്രയെക്കുറിച്ച് മുന്നറിയിപ്പു തന്നിരിക്കുന്നു. മനസ്സു നിറഞ്ഞ് പ്രാര്‍ത്ഥിക്കുവാന്‍ അവസരം തന്നിരിക്കുന്നു. അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ള എല്ലാ തെറ്റുകളും പൊറുത്തുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു. ഇത്രയും നാളത്തെ ജീവിതത്തില്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞു. ബന്ധുമിത്രാതികള്‍ക്കു വേണ്ടിയെല്ലാം മനസ്സു നിറഞ്ഞ് പ്രാര്‍ത്ഥിച്ചു.

നിമിഷങ്ങള്‍ കഴിഞ്ഞില്ല, കെട്ടിടം ഒന്നിളകി. വന്‍ ശബ്ദത്തോടെ കെട്ടിടമൊട്ടാകെ ഉയര്‍ന്നു പൊന്തി. കുറെ ഉയരത്തിലെത്തിയപ്പോള്‍ അല്പനിമിഷം അങ്ങിനെ നിന്നു. പിന്നെ വളരെ വേഗത്തില്‍ മുന്നോട്ട് നീങ്ങി. ആരും അനങ്ങാതെ അതേ രീതിയില്‍ തന്നെ കിടക്കുകയാണ്. നല്ല വേഗതയോടെ കെട്ടിടം നീങ്ങുന്നുണ്ട്. കുറെ നേരം അങ്ങിനെ സഞ്ചരിച്ചു. വൈകാതെ ആ യാത്ര നിലച്ചു. ഉടന്‍ അടുത്ത അശരീരി ഉയര്‍ന്നു. നസീര്‍ക്ക തര്‍ജ്ജമ ചെയ്തു.

“ഇതാ ഞാനുദ്ദേശിച്ചിടത്ത് നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എല്ലാവര്‍ക്കും എഴുന്നേല്‍ക്കാവുന്നതാണ്. എല്ലാം പഴയതു പോലെത്തന്നെയാണ്. ഒന്നൊഴികെ. അത് നിങ്ങള്‍ അനുഭവിച്ചറിയുവിന്‍”.

ഓരോരുത്തരായി എഴുന്നേറ്റു വന്നു. ഞാന്‍ പുറത്തേക്കു നോക്കി. കെട്ടിടം നില്‍ക്കുന്നത് ആകാശത്താണ്. അടുത്തടുത്തായി എല്ലാ കെട്ടിടങ്ങളുമുണ്ട്. യാതൊരു കേടുപാടുകളുമില്ലാതെ. അപ്പോള്‍ നമ്മള്‍ മരിച്ചില്ലെ?
ഒന്നും മനസ്സിലാവുന്നില്ല. ഞാന്‍ വാതില്‍ തുറന്ന് പതിയെ പുറത്തിറങ്ങി. ഇടനാഴിയിലൂടെ നടന്ന് ലിഫ്റ്റിനരികിലെത്തിയപ്പോള്‍ ഒന്നു നിന്നു. ലിഫ്റ്റിനു മുമ്പിലതാ ഏ.ടി.എം പോലെ ഒരു മെഷീന്‍. ഞാന്‍ അടുത്ത് ചെന്നു നോക്കി. സ്ക്രീനില്‍ ഇംഗ്ലീഷിലും അറബിയിലും ഒരു മെസ്സേജ് സ്ക്രോള്‍ ചെയ്യുന്നുണ്ട്. “ഈ ലിഫ്റ്റില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യാവുന്നതാണ്. താഴെ കാണുന്ന കീ പ്രെസ്സ് ചെയ്യുക.” ഇതാണ് മെസ്സേജിന്റെ ചുരുക്കം. ഞാന്‍ കീ പ്രെസ്സ് ചെയ്തു. “സെര്‍ച്ചിങ്ങ് യുവര്‍ ലൊക്കേഷന്‍...” എന്ന മെസ്സേജ് തെളിഞ്ഞു. അല്പ സമയത്തിനുള്ളില്‍ എന്റെ നാടിന്റെ വിശദമായ മാപ്പ് പ്രത്യക്ഷപ്പെട്ടു. കൂടെ ഒരു മെസ്സേജും. “സെലക്റ്റ് യുവര്‍ എക്സാക്റ്റ് ലൊക്കേഷന്‍”. ഞാന്‍ എന്റെ വീടിനോട് ഏറ്റവുമടുത്ത കവലയുടെ ചിത്രത്തില്‍ പ്രെസ്സ് ചെയ്തു. ലിഫ്റ്റിന്റെ വാതില്‍ തുറക്കപ്പെട്ടു. വല്ലാത്ത നെഞ്ചിടിപ്പോടെ, ആകാംഷയോടെ ഞാനാ ലിഫ്റ്റില്‍ കയറി. നല്ല വേഗത്തില്‍ ലിഫ്റ്റ് താഴോട്ട് നീങ്ങി. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ലിഫ്റ്റ് നിന്നു. ലിഫ്റ്റിന്റെ വാതില്‍ തുറക്കപ്പെട്ടു. ഞാന്‍ പുറത്തിറങ്ങി. തിരിഞ്ഞുനോക്കി. ലിഫ്റ്റിനു പുറത്തുള്ള ഡിസ്പ്ലേ സ്ക്രീനില്‍ ഒരു മെസ്സേജ് തെളിഞ്ഞു കാണുന്നുണ്ട് “പ്രെസ്സ് ദ ഗ്രീന്‍ ബട്ടന്‍ ടു റിട്ടേണ്‍ ടു കുവൈറ്റ്”. പുറത്ത് മങ്ങിയ തെരുവ് വിളക്കിന്റെ പ്രകാശത്തില്‍ ഉറങ്ങിക്കിടക്കുന്ന എന്റെ നാട്. ഞാന്‍ വാച്ചില്‍ സമയം നോക്കി. രാത്രി 2 മണിയായിരിക്കുന്നു. ഞാന്‍ മെല്ലെ നടന്നു. വഴിയിലെങ്ങും ആരുമില്ല. വീട്ടിലെത്തിയപ്പോള്‍ അവരാകെ ആശ്ചര്യപ്പെട്ടുപോയി. ഞാനീ പാതിരാത്രിയില്‍ എങ്ങിനെ ഇവിടെയെത്തി എന്നായിരിക്കും അവര്‍ കരുതുന്നത്. ഉണ്ടായ സംഭവമൊക്കെ ചുരുക്കി അവതരിപ്പിച്ചു. കുട്ടികളെ വിളിച്ചുണര്‍ത്തി. അവരും എന്നെ കണ്ട് അല്‍ഭുതപ്പെട്ടുപോയി.

ഇനി എല്ലാ ദിവസവും കുവൈറ്റിലെ ജോലി കഴിഞ്ഞ് നാട്ടിലെ സ്വന്തം വീട്ടിലെത്താമല്ലോ, ഭാര്യയും കുട്ടികളും വീട്ടുകാരുമൊക്കെയായി കഴിയാമല്ലോ, അവധി ദിവസങ്ങളില്‍ കുടുംബവുമായി ബന്ധുവീടുകളിലോ പിക്നിക്കിനോ ഒക്കെ പോകാമല്ലോ എന്നൊക്കെ ചിന്തിച്ചപ്പോള്‍ സന്തോഷം അടക്കാനാകുന്നുണ്ടായിരുന്നില്ല.. എല്ലാവരുമായി ആഹ്ലാദത്തോടെ കുറെ സമയം ചിലവഴിച്ചതിനു ശേഷം ഉറങ്ങുവാന്‍ കിടന്നു. നാളെ ജോലിക്കു പോകേണ്ടതല്ലെ?. ഉറങ്ങും മുമ്പ് ഭാര്യയോട് പറഞ്ഞു.

“നീ നാളെ കുട്ടികളെ സ്കൂളില്‍ വിട്ടിട്ട് വീട്ടിലേക്ക് പൊയ്ക്കോളൂ. ഫോണില്‍ പറഞ്ഞതുപോലെ നാളെ ഉച്ചക്ക് കുട്ടികളെ സ്കൂളില്‍ നിന്നും വിളിച്ച് ഞാനങ്ങെത്തിക്കോളാം. അളിയന്‍ പുറപ്പെട്ടതിനു ശേഷം തിരിച്ചു ജോലിക്കു പോകാമല്ലോ?”.

അലാറം വച്ചില്ല. ഭാര്യ വിളിക്കുമല്ലോ?. അവള്‍ക്ക് നേരത്തെ ഉണരുന്ന ശീലമുണ്ട്. അതുവരെയുണ്ടാ‍യ സംഭവവികാസങ്ങളൊക്കെ കാരണം വേഗം ഉറക്കത്തിലേക്കു വഴുതി വീണു. ഒരു ടെന്‍ഷനുമില്ലാത്ത സുഖമായ ഉറക്കം. ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ഭാര്യയാകും. ജോലിക്കു പോകാന്‍ വിളിക്കുന്നതാകും. വേഗം ചാടിയെണീറ്റു.

“എന്തുറക്കമാണ് ഭായീ ? എത്ര നേരമായി അലാറമടിക്കുന്നു.”

ചോദ്യം കേട്ട് മിഴിച്ചു നോക്കിയപ്പോള്‍ അടുത്ത കട്ടിലില്‍ കിടന്ന് സഹമുറിയന്‍ പുഞ്ചിരിക്കുന്നു. നീങ്ങിക്കിടന്നിരുന്ന ബ്ലാങ്കറ്റ് എടുത്ത് തലയിലൂടെയിട്ട് അവന്‍ തിരിഞ്ഞു കിടന്നു. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. അടുത്ത രണ്ട് കട്ടിലുകളിലും മറ്റുള്ള രണ്ട് സഹമുറിയന്മാരും ചെറിയ ഞരക്കത്തോടെ ബ്ലാങ്കറ്റിനുള്ളില്‍ ചുരുണ്ടു കൂടി കിടക്കുന്നു. ഏസിയുടെ നേരീയ ശബ്ദം കേള്‍ക്കാം. അപ്പോഴും ഞാന്‍ തലേ ദിവസത്തെ ആകാശയാത്രയുടെ ഹാങ്ങോവറില്‍ തന്നെയായിരുന്നു.


- ഗഫൂര്‍ യൂ-ബസാര്‍

1 comment:

വി.കെ. നിസാര്‍ said...

നന്നായി ഗഫൂര്‍
സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടായിരുന്നെങ്കില്‍!!